2017, ജൂലൈ 11, ചൊവ്വാഴ്ച

റംബൂട്ടാൻ Rambutan

      

ഏറ്റവും പ്രചാരമുള്ള ഫലവൃക്ഷ തൈകളിൽ ഒന്നാണ് റംബൂട്ടാൻ. കായ്കളുടെ പുറംതോടിൽ മൃദുവായ രോമങ്ങൾ ഉള്ളതിനാൽ മുള്ളൻ പഴം എന്ന് അറയിപ്പെടുന്നു. ഇത് ഒരു നിത്യഹരിത വൃക്ഷമാണ്. ഉൾക്കാമ്പു സുതാര്യ സ്വഭാവമുള്ളതും വെളുത്ത നിറത്തോടുകൂടിയതും മാധുര്യ മേറിയതുമാണ്. വിറ്റാമിനുകൾ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ് എന്നിവയാൽ വളരെ പോഷക സമൃദ്ധമാണ് ഈ പഴങ്ങൾ. ഇതിന്റെ തോടിലും പുളപ്പിലും അടങ്ങിയിരിക്കുന്ന ആൻറ്റി  ഓക്സിഡന്റുകള് ക്യാൻസറിനെ തടയുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നന്നായി വളരുന്ന ഇവ കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമാണ്. റംബൂട്ടാൻ മരങ്ങൾ 22 മുതൽ 35 വരെ ഡിഗ്രി താപനിലയിൽ നന്നായി വളരുന്നതായി കാണുന്നു. വർഷത്തിൽ 150 മുതൽ 250 സെമി വരെ മഴ ആവശ്യമാണ്. എല്ലാത്തരം മണ്ണിലും ഇത് വളരുമെങ്കിലും നല്ല നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് നല്ല വളർച്ചക്കും മികച്ച വിളവിനും അനുയോജ്യം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൃഷി ഒഴിവാക്കേണ്ടതാണ്. നല്ല സൂര്യ പ്രകാശം ലഭ്യ മാകുന്നതിനാൽ ചെരിവുള്ള സ്ഥലങ്ങൾ മികച്ച വിളവ് നൽകും.
പ്രജനനവും കൃഷി രീതിയും
    റംബൂട്ടാൻ ബഡ് തൈകൾ മൂന്നു വർഷത്തിൽ പുഷ്പിക്കുകയും നല്ല പരിചരണം നൽകിയാൽ 3 മുതൽ 8 വർഷത്തിനുള്ളിൽ ഉയർന്ന വിളവ് നൽകുകയും ചെയ്യും. മികച്ച വിളവിനും വളർച്ചക്കും മരങ്ങൾ തമ്മിൽ 40 അടി അകലം ആവശ്യമാണ്. ഒരു ഏക്കർ സ്ഥലത്തു 30 മുതൽ 35 തൈകൾ വരെ നടാം. ഒരു മീറ്റർ സമചതുരത്തിൽ എടുത്ത കുഴിയിൽ മേൽമണ്ണ് 10 മുതൽ 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് ഒരു കിലോ വേപ്പിൻ പിണ്ണാക്ക് എന്നിവ യോജിപ്പിച്ചു നിറക്കാം. തുടർന്ന് തൈകൾ നടാൻ  പാകത്തിൽ  പിള്ളക്കുഴി തയ്യാറാക്കാം. ഈ കുഴിയിൽ ഒരുപിടി ചാണകപ്പൊടിയോ കമ്പോസ്റ്റോ  100 ഗ്രാം 18 കോംപ്ലക്സിൽ യോജിപ്പിച്ചു പിള്ളക്കുഴിയിൽ തൂകിയതിനു ശേഷം പോളിത്തീൻ കവറുകളിലെ മണ്ണുടയാതെ ശ്രദ്ധയോടെ കവർ നീക്കി നടാം. ചെടിക്കു ചുറ്റുമായി മൂന്നടി ചുറ്റളവിൽ വൃത്താകൃതിയിൽ തടമെടുക്കുന്നതു ജലസേചനത്തിനും വളപ്രയോഗത്തിനും സഹായകരമാണ്. ചെടികൾ നട്ട് മൂന്ന്മാസത്തിനു ശേഷം നിർദ്ദേശാനുസരണം വീണ്ടും വളപ്രയോഗം നടത്താം. റംബൂട്ടാൻ മരങ്ങൾ പടർന്നു വരാൻ ചെറുപ്രായത്തിൽ തന്നെ ചെടികളെ രൂപപ്പെടുത്തി എടുക്കേണ്ടതാണ്. ചെടികൾ ഏകദേശം നാലടി ഉയരം എത്തുമ്പോൾ ശാഖകൾ മുളക്കുവാൻ തക്കവണ്ണം ഉയരത്തിൽ മുറിച്ചു നിർത്താം. തുടർന്ന് വരുന്ന ശാഖകൾ പടർന്നു വരുന്നതിനു സഹായിക്കും.
പൂവിടലും പരാഗണവും
ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് കേരളത്തിൽ റംബൂട്ടാൻപൂക്കാലം. ഇവ പരപരാഗണ സ്വഭാവമുള്ളതിനാൽ തേനീച്ചകളുടെ സാന്നിധ്യം പരാഗണത്തിനു ഏറെ സഹായകരമാണ്.
വിളവെടുപ്പും കമ്പുകോതലും
പരാഗണം നടന്നു കായ പിടിച്ചതിനു ശേഷം 15 മുതൽ 18 ആഴ്ച ക്കുള്ളിൽ റംബൂട്ടാൻ പഴങ്ങൾ വിളവെടുക്കാം. റംബൂട്ടാൻ ചുവപ്പിനങ്ങൾ ആദ്യം ഇളം മഞ്ഞ നിറത്തിലും പാകമാകുമ്പോൾ കടും ചുവപ്പു നിറത്തിലും എത്തുന്ന സമയത്താണ് വിളവെടുക്കേണ്ടത്. അവസാന ഘട്ട വിളവെടുപ്പിനോടൊപ്പം കമ്പു കോതലും നടത്താവുന്നതാണ്. ഇതിനായി വിളവെടുത്ത ശിഖരങ്ങളുടെ അടിയിൽനിന്നും അരഅടിയോളം താഴ്ത്തി മുറിച്ചു നിർത്താം. ഇത് ശാഖകളെ കൂടുതൽ കരുത്തോടെ വളർത്തി തുടർന്നുള്ള സീസണിൽ പുഷ്പിച്ചു നല്ല വിളവു നൽകുന്നതിന് സഹായിക്കും. തുടർന്ന് വളപ്രയോകം നടത്താം. 6 വർഷത്തിന് മേൽ പ്രായമുള്ള മരങ്ങൾക്കു 500 ഗ്രാം NPK 18 കോംപ്ലെക്സും 30 കിലോ ഗ്രാം ചാണകപ്പൊടി/കമ്പോസ്റ്റ് ഒന്നിടവിട്ട വർഷങ്ങളിൽ രണ്ടു കിലോഗ്രം വരെ DOLOMATE നൽകുന്നതും വളരെഫലപ്രദമാണ്‌. പരാഗണം നടന്നു രണ്ടു മാസങ്ങൾക്കു ശേഷം 100 മുതൽ 250 ഗ്രാം വരെ മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് നൽകുന്നത് മേന്മയുള്ള പഴങ്ങൾ നൽകുന്നതിന് സഹായിക്കും.  വീണ്ടും വിളവെടുപ്പിനു ഒരു മാസം മുൻപ് പൊട്ടാഷ് നൽകാവുന്നതാണ്.

റംബൂട്ടാൻ പൂവിടുന്നതിനു രണ്ടാഴ്ച മുൻപ് 25 ഗ്രാം വീതം ബോറോൺ (ബൊറാക്സ്) മണ്ണിൽ വിതറി നൽകുന്നത് കായ് പൊഴിച്ചിൽ ഒരുവിധം വരെ തടയുന്നതായി കാണുന്നു. മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിന് തടങ്ങളിൽ ഉണങ്ങിയ ഇലകൾ കൊണ്ട് പുതയിടുന്നത് ഫലപ്രദമാണ്. ലിറ്ററിന് ഒരു ഗ്രാം നിരക്കിൽ വെള്ളത്തിൽ ലയിക്കുന്ന സൾഫർ (സൾഫെക്സ്, ഇൻസഫ്) കായ പിടിച്ചു ഒൻപതു ആഴ്ചക്കുശേഷം ഒരുമാസത്തെ ഇടവേളയിൽ രണ്ടു പ്രാവശ്യം സ്പ്രേ  ചെയ്യുന്നത്  കുമിൾ ബാധയും കായ് പൊഴിച്ചിലും തടയുന്നു. ലായനി രൂപത്തിലുള്ള സ്യൂഡോമോണസ് (ലിറ്ററിന് 6 മില്ലി നിരക്കിൽ) തളിക്കുന്നത് പഴങ്ങളുടെ കൊഴിഞ്ഞു പോകൽ തടയുന്നതിനും ഗുണമേന്മയുള്ള പഴങ്ങൾ ലഭിക്കുന്നതിനുസഹായകരമാണ്. ഇലതീനി പുഴുക്കളുടെ ആക്രമണം ഗൗരവമാണെങ്കിൽ അത് നിയന്ത്റിക്കുന്നതിന്‌ ഒരു മില്ലി ഇമിഡാ ക്ലോപ്രിഡ്  നാലു ലിറ്റർ വെള്ളത്തി കലക്കി തളിക്കുന്നത് നല്ലതാണ്. മീലിമുട്ടയുടെ അക്രമത്തെ തടയുന്നതിന് ലായനി രൂപത്തിലുള്ള ഗുണമേന്മയുള്ള വെ൪ട്ടിസില്ലിയം അഞ്ചു മില്ലി ഒരുലിറ്റർ വെള്ളത്തിലയിപ്പിച്ചു സ്പ്രേ ചെയ്യുന്നത് വളരെ ഫലപ്രദമാണ്.


 തൈകൾ ലഭിക്കുന്ന സ്ഥലം 

കേരള അഗ്രോഇൻഡസ്ട്രീസ്കോർപറേഷൻ അഗ്രോ ബസാർ (KAICO AGRO BAZAR) 


തൊടുപുഴ,മത്സ്യമാർക്കറ്റ്-കോതയ്ക്കുന്നു ബെപാസ് റോഡിൽ 04862 225118